Skip to main content

അല്ലാഹു (3)

പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ സകല പ്രതിഭാസങ്ങളുടെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമായ ഏക അസ്തിത്വത്തെയാണ് ദൈവം എന്ന് പറയുന്നത്. അറബിയില്‍ ഈ ശക്തിക്ക് പറയുന്ന പേരാണ് അല്ലാഹു. കേവലമായ ഒരു ശക്തിയോ അന്ധമായ ഒരു കാരണമോ ഉണ്‍മയില്ലാത്ത ഊര്‍ജരൂപമോ അല്ല അല്ലാഹു. ദൈവികസത്ത മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. വിശദീകരണത്തിന്നതീതമാണ്. അല്ലാഹു അറിയിച്ചുതന്ന ദിവ്യവെളിപാടുകളിലൂടെ മാത്രമേ അവന്റെ  സത്തയുടെ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനാവൂ. എങ്കിലും അവന്റെ ശക്തിയാല്‍ നിലനില്ക്കുന്ന പ്രാപഞ്ചിക വസ്തുക്കള്‍ അവന്റെ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.

പരമാണു മുതല്‍ സ്ഥൂലപ്രപഞ്ചം വരെയുള്ള എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവുമാണ് അല്ലാഹു. അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമാണ്. ഇത് ഒരു കുലദൈവമല്ല, കാല ദേശ ഭാഷാ വര്‍ഗ വിവേചനമില്ലാതെ എല്ലാവരുടെയും യഥാര്‍ഥ ദൈവത്തിന്റെ പേരാണ് അല്ലാഹു. ദൈവം, ഗോഡ്, ഖുദാ എന്നെല്ലാം വിവിധ ഭാഷകളില്‍ അറിയപ്പെടുന്നു. എന്നാല്‍ ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതപ്പെട്ടവന്‍, സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തിലുള്ള അല്‍ഇലാഹ് എന്നതില്‍ നിന്ന് നിഷ്പന്നമായതാണ് അല്ലാഹു എന്ന പദമെന്നും, അല്ലാഹു എന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ സംജ്ഞാനാമമാണെന്നും രണ്ട് പക്ഷമുണ്ട്.

സ്രഷ്ടാവായ ദൈവത്തിന്റെ സത്ത മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ്. സ്ഥലകാല സങ്കല്പങ്ങളില്‍ പരിമിതപ്പെടുത്താനാവാത്ത ആ സത്ത പദാര്‍ഥാതീതമാണെന്നു പറയാം. അതിനെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്താന്‍ മനുഷ്യബുദ്ധി അശക്തമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല. അവനാകട്ടെ, ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു (6:103). നബി(സ) അല്ലാഹുവിന്റെ സത്തയെപ്പറ്റി പറഞ്ഞുതരുന്നു: ‘‘നിങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ചിന്ത നടത്തുക. അവന്റെ സത്തയെപ്പറ്റി ചിന്തിക്കരുത്; നിങ്ങള്‍ നാശമടയുകയേയുള്ളൂ''

വിശുദ്ധ ഖുര്‍ആനിലുടനീളം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് നമുക്ക് ഗോചരവും ചിന്തിക്കാന്‍ പറ്റുന്നതുമായ സൃഷ്ടികളെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ്. ഓരോ സൃഷ്ടിയുടെയും വിശേഷങ്ങള്‍ സ്രഷ്ടാവിന്റെ സാന്നിധ്യം മനസ്സിലാക്കാവുന്നതാണ്. സ്രഷ്ടാവാരാണോ ആ ശക്തിയെ മാത്രമേ നമിക്കാനും ആരാധിക്കാനും പാടുള്ളൂ എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വം. 'സ്രഷ്ടാവിന്റെ ഏകത്വത്തെ ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുക' എന്നതാണ് ഏകദൈവ വിശ്വാസം അഥവാ തൗഹീദ്. 


 

Feedback