Skip to main content

മലക്കുകള്‍ (13)

വൈവിധ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞു നില്‍ക്കുന്നതാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങള്‍ ഓരോന്നും അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെ വിളിച്ചോതുന്നു. കോടാനുകോടി സൃഷ്ടിസ്വരൂപങ്ങളുടെ സൃഷ്ടിപ്പിനു പിന്നില്‍ സ്രഷ്ടാവിന് കൃത്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട്. മനുഷ്യന്റെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത അദൃശ്യ പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകള്‍ വളരെ പരിമിതമാണ്. മനുഷ്യന്റെ അറിവുകള്‍ക്ക് പരിമിതികളുള്ള അദൃശ്യലോകത്തെ സംബന്ധിച്ച് സര്‍വ്വശക്തനായ അല്ലാഹു വെളിപ്പെടുത്തിതന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കുകയാണ് സത്യവിശ്വാസികള്‍ക്ക് ബാധ്യതയായിട്ടുള്ളത്. വിശ്വസിക്കാന്‍ അല്ലാഹു നമ്മോട് കല്പിച്ച അദൃശ്യ പ്രപഞ്ചത്തിലെ പ്രത്യേകതരം സൃഷ്ടികളാണ് മലക്കുകള്‍. വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും വന്നിട്ടുള്ള മലക്കുകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവര്‍ ഇതരസൃഷ്ടികളില്‍ നിന്നെല്ലാം തീര്‍ത്തും ഭിന്നരാണെന്ന് വ്യക്തമാവുന്നു.

വിശുദ്ധ ഖുര്‍ആനില്‍ മലക്ക് എന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ 88 തവണ ഉപയോഗിച്ചിട്ടുണ്ട്. പേരു പറയാതെ അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അനേകം സന്ദര്‍ഭങ്ങളില്‍  പരാമര്‍ശിച്ചിട്ടുണ്ട്.

പ്രകാശത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മലക്കുകള്‍ അദൃശ്യ പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ഉന്നത സ്ഥാനീയരാണ്. ജൈവികമായ വികാര വിചാരങ്ങളില്‍ നിന്ന് മുക്തരായ മലക്കുകളുടെ പ്രകൃതിയില്‍ തന്നെ അല്ലാഹുവിനുള്ള അനുസരണവും ഭക്തിയും ആരാധനയുമെല്ലാം ലീനമാണ്. അവര്‍ക്ക് മനുഷ്യന്റേതുപോലെ ഇഛാസ്വാതന്ത്ര്യമോ പ്രവര്‍ത്തന മേഖലകളോ ഇല്ലാത്തതിനാല്‍തന്നെ പ്രതിഫലവും ശിക്ഷയും ബാധകമല്ല. അല്ലാഹുവിന്റെ കല്പനയെ അവര്‍ ധിക്കരിക്കുകയേ ഇല്ല. അവരോട് കല്പിക്കപ്പെട്ടത് പ്രവര്‍ത്തിക്കുന്നവരുമാണവര്‍ (66:6).

മലക്കുകള്‍ക്ക് അന്നപാനീയങ്ങള്‍ ആവശ്യമില്ല. ഉറക്കമോ, ക്ഷീണമോ അവരെ പിടികൂകൂടുകയില്ല. ഇണ ചേരലും സന്താനോത്പാദനവുമില്ലാത്തതിനാല്‍ അവരില്‍ലിംഗഭേദവുമില്ല. സ്വന്തംരൂപഭാവങ്ങളില്ല. അവരുടെഎണ്ണംആര്‍ക്കും കണക്കാക്കാന്‍ കഴിയില്ല. മലക്കുകള്‍ മനുഷ്യപ്രകൃതിയില്‍ പലരുടെ മുമ്പിലും പ്രത്യക്ഷരായതായി വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''വേദഗ്രന്ഥത്തില്‍മര്‍യമിനെ സംബന്ധിച്ച് പരാമര്‍ശിച്ചത് താങ്കള്‍അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ബന്ധുക്കളെ വിട്ട് അകലെകിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറി താമസിച്ച സന്ദര്‍ഭം. നമ്മുടെ വിശുദ്ധാത്മാവിനെ (ജിബ്‌രീലിനെ) നാം അവരുടെഅടുക്കല്‍ അയച്ചു. തികവൊത്ത ഒരു മനുഷ്യനായിഅദ്ദേഹംഅവര്‍ക്ക് പ്രത്യക്ഷനായി. (19:16,17) ഇബ്രാഹിം നബി (അ)യുടെ മുമ്പില്‍ മലക്കുകള്‍ മനുഷ്യ രൂപത്തില്‍ അതിഥികളായി എത്തിയതായി ഖുര്‍ആന്‍ (11:69) വ്യക്തമാക്കുന്നു.

അനേകംചിറകുകളുള്ളവരാണ് മലക്കുകളെന്നും അല്ലാഹുവിന്റെ ആദരണീയസൃഷ്ടികളായ മലക്കുകളുടെആവാസകേന്ദ്രം ഉപരിലോകമാണെന്നും ഖുര്‍ആന്‍ സൂചന നല്‍കുന്നു. അവര്‍അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരംവിവിധ ചുമതലകള്‍ വിശ്വസ്തതയോടെഏറ്റെടുത്ത് ഭംഗംകൂടാതെ നിര്‍വ്വഹിക്കുന്നു. അല്ലാഹു പറയുന്നു. താങ്കളുടെരക്ഷിതാവിന്റെഅടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്ന വിഷയത്തില്‍യാതൊരു അഹന്തയുംകാണിക്കാത്തവരാകുന്നു. അവനെ പ്രകീര്‍ത്തിക്കുകയുംസാഷ്ടാംഗം നമിക്കുകയുംചെയ്യുന്നവരാണ് (2:206) രാപകല്‍ ഭേദമന്യേ തളരാതെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നവരാണവര്‍ (21:20).
മലക്കുകളെ യഥാര്‍ഥ രൂപത്തില്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയില്ല. മുഅ്ജിസത്ത് എന്ന നിലയില്‍ മുഹമ്മദ് നബി(സ) മലക്കുകളെ കണ്ടിട്ടുണ്ട്. മലക്കുകളില്‍ വിശ്വസിക്കല്‍ സത്യ വിശ്വാസത്തിന്റെ ഭാഗമാണ്.
 

Feedback